വിശുദ്ധ റമസാന്‍ വീണ്ടും സമാഗതമായിരിക്കുന്നു. മനസ്സിനെയും ശരീരത്തെയും കഴുകി വൃത്തിയാക്കുന്ന വസന്തമാണ് റമസാന്‍. സഹനശീലവും ത്യാഗവും അനുഭവത്തിലൂടെ ശീലിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന്റെ വ്യഥകളും വേദനകളും പങ്കുവെക്കാനുള്ള മനസ്സുകൂടി വളര്‍ത്തിയെടുക്കുകയാണ് റമസാന്‍. അല്ലാഹുവിന് സ്വയം സമര്‍പ്പിക്കാനും തെറ്റുകളില്‍ നിന്ന് മാറി ദൈവീക ചിന്തയില്‍ മുഴുകാനും അള്ളാഹുതന്നെ അടിമക്ക് നല്‍കിയ അസുലഭ മുഹൂര്‍ത്തമാണ് ഈ മാസം. ഇനിയുള്ള ദിനരാത്രികളില്‍ ദൈവീക ചിന്തയിലും പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലുമായി വിശ്വാസികള്‍ ധന്യരാകും.
പ്രവാചകരും അനുയായികളും രണ്ടുമാസങ്ങള്‍ക്ക് മുമ്പ് തന്നെ റമസാനിന്റെ വരവ് അറിയിക്കാനും അതിനെ സ്വീകരിക്കാനും സജ്ജരായിരുന്നു."റജബിലും ശഅബാനിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹം നല്‍കുകയും പരിശുദ്ധ റമസാനിലേക്ക് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യേണമേ' എന്ന് അവിടുന്ന് സദാ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. സാധാരണ മാസങ്ങളില്‍ തന്നെ ധാരാളം ആരാധനകള്‍ ചെയ്യാറുണ്ടായിരുന്ന തിരുനബി റമസാന്‍ വന്നണഞ്ഞാല്‍ അരയുടുപ്പ് ശക്തമായി കെട്ടി പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാനും ഖുര്‍ആന്‍ പാരായണത്തിനും മറ്റു ആരാധനകള്‍ക്കും വേണ്ടി മാത്രം സമയം ചെലവഴിക്കുമായിരുന്നുവെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാകും.
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ അധമ വികാരങ്ങളെ ചുട്ടെരിക്കുന്ന ആത്മീയ ശക്തിയാര്‍ജ്ജിക്കുകയാണ് മനുഷ്യന്‍. ശരീരത്തിന്റെ ഇഛകള്‍ മനസ്സിനെ മലിനമാക്കുന്ന ഉപഭോഗ ത്വരയുടെ നടുക്കയത്തിലാണിപ്പോള്‍ നാം ജീവിക്കുന്നത്. തിന്മകളുടെ പ്രലോഭനങ്ങള്‍ മനുഷ്യനെ നിരന്തരമായി അപഭ്രംശത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. പുതിയ സാങ്കേതിക വിപ്ലവങ്ങളും മാധ്യമങ്ങളും ശരീരത്തിന്റെ ഉത്സവങ്ങളാണ് വിറ്റൊഴിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍പെട്ട് മനുഷ്യന്‍ ഒഴുക്കുവെള്ളത്തിലെ പൊങ്ങുതടിപോലെ ദിശയറിയാതെ സഞ്ചരിക്കുകയാണ്. പതിനൊന്ന് മാസക്കാലം ഈ മായയില്‍ ജീവിക്കുന്ന മനുഷ്യനെ തൊട്ടുണര്‍ത്തി, ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമായ ദൈവീക സ്മരണയിലേക്കും ആത്മീയ ഉയര്‍ച്ചയിലേക്കും നയിക്കാന്‍ റമസാന്‍ നമ്മെ പ്രാപ്തരാക്കണം
ഹൈദരലി ശിഹാബ് തങ്ങള്‍
കടപ്പാട്: ചന്ദ്രിക പത്രം
വീണ്ടും വ്രതവസന്തകാലം
Administrator@
Unknown
Visit: WWW.SHIHABTHANGAL.IN
0 comments:
Post a Comment