അതിഥികള്‍ക്കു മുന്നില്‍ നിറ ചിരിയുമായി കൊടപ്പനയ്ക്കലില്‍ ഇനി അലവിക്കയുമില്ല
മലപ്പുറം:കൊടപ്പനയ്ക്കല്‍ തറവാടിന്റെ വരാന്തയില്‍ ഇനി അലവിക്കയുമില്ല. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് രണ്ടാണ്ടുതികയുമ്പോള്‍ അദ്ദേഹത്തിന്റെ സന്തതസഹചാരിയും സഹായിയുമായിരുന്ന അലവിക്കയും യാത്രയായി. ശിഹാബ് തങ്ങളുടെ ഉപ്പ പാണക്കാട് പൂക്കോയ തങ്ങളുടെ കാലം മുതല്‍ക്കേ അലവിക്ക കൊടപ്പനയ്ക്കലുണ്ടായിരുന്നു. 15 വര്‍ഷം അദ്ദേഹം പൂക്കോയ തങ്ങളുടെ കൂടെനിന്നു. പൂക്കോയ തങ്ങളുടെ മഞ്ചലിനു പിറകെ ചെറുപ്പക്കാരനായ അലവിക്ക നടന്നുപോയിരുന്നത് പഴമക്കാര്‍ക്ക് ഇപ്പോഴുമോര്‍മയുണ്ട്. ശിഹാബ് തങ്ങള്‍ ഈജിപ്‌തില്‍നിന്ന് തിരിച്ചെത്തിയതുമുതല്‍ അദ്ദേഹത്തിന്റെ വിശ്വസ്‌തനായി അലവിക്ക മാറി. പിന്നീട് 35 വര്‍ഷം ശിഹാബ് തങ്ങളുടെ നിഴലായി അലവിക്കയുണ്ടായിരുന്നു.
വീട്ടിലെത്തുന്ന എല്ലാവര്‍ക്കും സുലൈമാനിയെങ്കിലും നല്‍കണമെന്ന് ശിഹാബ് തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അലവിക്കയാണ് ആ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തത്. ദിവസവും നൂറുകണക്കിനു പേര്‍. ചിലപ്പോഴൊക്കെ ആയിരക്കണക്കിനാളുകള്‍. ഒരു ചായയെങ്കിലും കുടിക്കാതെ ആരും കൊടപ്പനയ്ക്കലില്‍നിന്നു മടങ്ങിയിട്ടുണ്ടാകില്ല.
ശിഹാബ് തങ്ങളുടെ മനസ്സ് തന്നെയായിരുന്നു അലവിക്കയ്ക്കും. മുന്നിലെത്തുന്നവരില്‍ വലുപ്പച്ചെറുപ്പമില്ല. എല്ലാവരും തുല്യര്‍. കേന്ദ്രമന്ത്രിയായാലും കൂലിപ്പണിക്കാരനായാലും അങ്ങനെത്തന്നെ.ശിഹാബ് തങ്ങളെ കോയ എന്നു വിളിക്കാനുള്ള സ്വാതന്ത്യ്രം അലവിക്കയ്ക്കുണ്ടായിരുന്നു. ആരോഗ്യം പരിഗണിക്കാതെ കാണാനെത്തുന്നവരുമായി ഏറെനേരം തങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ അലവിയുടെ സ്നേഹശാസന വരും-"കോയാ. ചെറുപുഞ്ചിരിയോടെ തങ്ങള്‍ അലവിയെ അനുസരിക്കും. തങ്ങളുടെ നോട്ടത്തിന്റെ അര്‍ഥംപോലും അറിയാവുന്നത്ര അടുപ്പമുണ്ടായിരുന്നു അലവിക്കയ്ക്ക്.
രാഷ്ട്രീയത്തില്‍ വലിയ പിടിപാടൊന്നും ഇല്ലായിരുന്നെങ്കിലും വിശ്വസ്‌തരുമായി അലവിക്ക ചില അഭിപ്രായങ്ങള്‍ പങ്കിടുമായിരുന്നു. പത്തുകൊല്ലം മുന്‍പ് പാണക്കാട്ട് ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ അലവിക്ക രഹസ്യം പറഞ്ഞു: " തങ്ങളാപ്പ എന്തേ കാട്ടിയത്? അതു തോറ്റല്ലോ എന്ന്. ഫലം വന്നപ്പോള്‍ പ്രവചനം ഫലിച്ചു. അമൂല്യമായ പല രാഷ്ട്രീയരഹസ്യങ്ങളും അറിയാമായിരുന്നിട്ടും അലവിക്കയുടെ വായില്‍ നിന്ന് ഒരു വാക്കുപോലും പുറത്തുപോയിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ സന്ദര്‍ശകരുടെ വിവരം ചോര്‍ത്താനായി പലപ്പോഴും അലവിക്കയെ വിളിക്കുമായിരുന്നെങ്കിലും പറയാവുന്നതിലപ്പുറമൊന്നും അദ്ദേഹം പറഞ്ഞില്ല.
പാണക്കാട്ടെ കുട്ടികളില്‍ മിക്കവരും അലവിക്കയുടെ കൈപിടിച്ചാണ് വളര്‍ന്നത്. ആ സ്നേഹം കുട്ടികള്‍ക്ക് തിരിച്ചുമുണ്ടായിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി തങ്ങള്‍, ബഷീറലി തങ്ങള്‍, മുനവ്വറലി തങ്ങള്‍, അബ്ബാസലി തങ്ങള്‍, ഹമീദലി തങ്ങള്‍, റഷീദലി തങ്ങള്‍ എന്നിവരുള്‍പ്പെടെ പാണക്കാട്ടെ കുടുംബം ഇന്നലെ പകല്‍ മുഴുവന്‍ അലവിക്കയുടെ വീട്ടിലുണ്ടായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളും അലവിക്കയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തി.
അലവിക്കാക്ക് വിട
Administrator@
Unknown
Visit: WWW.SHIHABTHANGAL.IN
0 comments:
Post a Comment