ഇഗ്നോയില്‍ ശിഹാബ് തങ്ങള്‍ ചെയര്‍ : ഇ.അഹമ്മദ്

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പഠന ചെയര്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യമാനവവിഭവശേഷി സഹ മന്ത്രി ഇ അഹമ്മദ്. വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം കാമ്പസില്‍ ഇഗ്നോ കമ്മ്യൂണിറ്റി കോളജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് മതസൗഹാര്‍ദ്ദത്തിനും സമുദായ എെക്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച ശിഹാബ് തങ്ങളുടെ പേരില്‍ സ്ഥാപിക്കുന്ന പ്രത്യേക പഠന വിഭാഗം കേരളത്തിന് അഭിമാനാര്‍ഹമാണ്. ശിഹാബ് തങ്ങള്‍ സമൂഹത്തിന് ചെയ്ത സേവനം മുന്‍ നിര്‍ത്തി ആരംഭിക്കുന്ന ചെയര്‍ അംഗീകാരം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെയും മന്ത്രിമാരുടെയും എം.പിമാരുടെയും സാന്നിധ്യത്തിലാണ് ചെയര്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതിനായി സാംസ്കാരിക വകുപ്പിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതിനാല്‍ സാംസ്കാരിക വകുപ്പ് മന്ത്രി കുമാരി ഷെല്‍ജക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നുവെന്ന് ഇ. അഹമ്മദ് പറഞ്ഞു. ചെയര്‍ ഔദ്യോഗിക കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
ശിഹാബ് തങ്ങളുടെ പേരില്‍ യൂണിവേഴ്സിറ്റിയില്‍ ചെയര്‍ ആരംഭിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് അധ്യക്ഷത വഹിച്ച ഇഗ്നോ വൈസ് ചാന്‍സലര്‍ പ്രൊഫ. വി.എന്‍ രാജശേഖരന്‍ പിള്ള പറഞ്ഞു. മുഹമ്മദലി ശിഹാബ് തങ്ങള്‍ ചെയര്‍ ഫോര്‍ നാഷണല്‍ ഇന്റഗ്രേഷന്‍ ആന്റ് കമ്മ്യൂണല്‍ ഹാര്‍മണി എന്ന പേരിലായിരിക്കും സെന്റര്‍ ആരംഭിക്കുക.
കേരളത്തില്‍ കമ്മ്യൂണിറ്റി കോളജുകളിലൂടെ കൂടുതല്‍ പഠന സൗകര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി അഹമ്മദ് അറിയിച്ചു. സംസ്ഥാനം മുന്നോട്ട് വന്നാല്‍ കൂടുതല്‍ കോളജുകള്‍ അനുവദിക്കാന്‍ തയ്യാറാണ്.

പഠനം നിര്‍ത്തിയവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കുമായി വിദ്യാഭ്യാസ സൗകര്യം നല്‍കാന്‍ കമ്മ്യൂണിറ്റി കോളജുകള്‍ക്ക് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇഗ്നോ വടകര റീജിണല്‍ ഡയറക്ടര്‍ ഡോ. നീതിരാജന്‍, മുന്‍ കൊച്ചി റീജിണല്‍ ഡയറക്ടര്‍ ഡോ. കെ.എസ്.ഡി നായര്‍, ജെ.ഡി.റ്റി ചെയര്‍മാന്‍ സി.പി കുഞ്ഞിമുഹമ്മദ്, പ്രസിഡന്റ് ഡോ. പി.സി അന്‍വര്‍ സംസാരിച്ചു.

Visit: WWW.SHIHABTHANGAL.IN

1 comments:

Unknown October 27, 2011 at 11:10 AM  

abhivadyangal

http://ftpayyooby.blogspot.com/2011/10/blog-post.html

Post a Comment

Back to TOP